Wednesday, September 18, 2013

അഗ്നിസാക്ഷി

ശ്യാമപ്രസാദിന്റെ "അഗ്നിസാക്ഷി" എനിക്കേറ്റവും ഇഷ്ട്ടപെട്ട ഒരു ചലച്ചിത്രമാണ് .  ഒരു കോളേജ് നാടകം ഉണ്ടാക്കാൻ വേണ്ടി ആണ് ആ ചിത്രം ആവർത്തിച്ചു  കണ്ടത്.. അതേ ആവശ്യത്തിനു വേണ്ടി ലളിതാംബിക അന്തര്ജനതിന്റെ നോവൽ വാങ്ങി വായിക്കുകയും ചെയ്തു.. സാമാന്യം തല്ലിപ്പൊളി ഒരു നാടകം തട്ടിക്കൂട്ടുകയും അതിനു സമ്മാനം കിട്ടുകയും   ചെയ്തതിനപ്പുറം ആ വായന തന്ന  അനുഭവങ്ങൾ ചെറുതല്ല.

അത്തരത്തിൽ  മറ്റൊരു നോവലും ഇന്നുവരെ ആവര്ത്തിച്ചു വായിച്ചിട്ടില്ല. ഓരോ ആവൃത്തിയും പിന്നിടും ബോൾ  വീണ്ടും വായിക്കാനുള്ള വ്യഗ്രത വര്ദ്ധിച്ചു. എന്തൊക്കെ അറിവ് ലഭിച്ചു.. അറിയില്ല..ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിൽ പഠനം ഒരു ആവർത്തന പ്രക്രിയയാണ്‌. മനപാഠം ആക്കലാണ് . പഠിച്ചത് അറിവാകുന്നത് അനുഭവങ്ങൾ അവയോടു സംവദി ക്കുമ്പോഴാണ് .
വേദാധ്യായം ഒക്കെ അങ്ങനെ അല്ലെ. ഇന്നും നമ്മടെ സ്കൂൾ ഉകളിൽ ആ വേദ പാരമ്പര്യം തന്നെ ആണ് തുടർന്ന് പോരുന്നതെന്ന് തോന്ന്ന്നു. matrices ഉം differential equation ഉം എന്നെ സംബധിച്ചിടത്തോളം അറിവായി മാറിയത് വളരെ പില്ക്കാലതാണ് . ചിലതൊക്കെ ഇപ്പോഴും മന പാഠമായി തന്നെ ഇരിക്കുന്നു.

അഗ്നിസാക്ഷി ഇൽ മന പാഠം ആക്കിയതോക്കെ ഇപ്പോഴും അറിവായി മാറികൊണ്ടിരിക്കുന്നു. അറിവിന്റെ അനശ്വര സ്രോതസ് പോലെ. അറിവ് അഹങ്കാരത്തെ സൃഷ്ടിക്കുന്നു. നശിപ്പിക്കുന്നു. കാല ചക്രം തിരിഞ്ഞു ചെല്ലുമ്പോൾ അറിവ് മാത്രം അവശേഷിക്കുന്നു. 

അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

നാരായണ ഗുരുദേവന്റെ - അറിവ്, ഉപനിഷത്തുകളിലെ - ബോധം, സാധാരണക്കാരന്റെ - ഈശ്വരൻ; എന്നൊക്കെ ഉള്ള പേരുകളിൽ അറിയപ്പെടുന്ന വേദാന്ത സാരത്തെ കർമ്മം , ധർമ്മം എന്നീ ച്ചട്ടക്കൂടുകളിൽ രാമായണവും മഹാഭാരതവും ഒക്കെ വിശാലമായി പഠിപ്പിക്കുന്നുണ്ടു . ആ തിരിച്ചറിവിനെ നൂറില്പരം പുറങ്ങളിൽ പാല്പായസം പോലെ വിളമ്പി വെച്ച ആ മഹാസധ്വി യെ കാൽക്കൽ വീണു നമസ്കരിക്കണ്ടേ?.. അതോ നൂറിൽ നൂറു പുറങ്ങളിലും സമകാലിക രാഷ്ട്രീയവും, സ്വാതന്ത്ര്യ സമരവും, ബ്രാഹ്മണ സമൂഹങ്ങളിലെ ലിംഗ അസമത്വവും ജീര്ണിച്ച സാമുഹ്യവ്യവസ്ഥയെയും വിമർശിക്കുമ്പോൾ വേദന്തിയായ എഴുത്തുകാരി ഒരു സിംഹിണി യെ പോലെ ഗര്ജിക്കുന്നു..
"നൂറു ജന്മം നായ്ക്കൾ ടെ ഇടയില ജനിച്ചാലും നമ്ബൂരാര്ടെ ഇടയില പെണ്ണായി ജനിക്കാൻ ഇടവരുത്തരുതേ എന്ന്" നായർ സ്ത്രീയെ കൊണ്ട് അവർ പ്രാർതിപ്പിക്കുന്നു . ഒരേ  ജാഗ്രതയോടെ അന്തര്ജനങ്ങളുടെ അടിച്ചമാര്തപ്പെട്ട ലൈംഗിക സംഘർഷവും , തൊഴുത്തിൽ കുത്തും, എക്കാലത്തും വിപ്ലവകുതുകികളായ യൗവനതെയും വരച്ചു വെച്ചു . വിപ്ലവവീര്യത്തിനു ജരാനര ബാധിക്കുമ്പോൾ അവർ അഴിമാതിക്കാരകുന്നതും മാറ്റത്തിനു കൈ കൊടുക്കാതെ നിലക്കുന്നവന്റെ തോളത്തു മാറാപ്പു കേറുന്നതും കാണിച്ചു തന്നു.
വരികൾക്കിടയിലും , ഉണ്ണി നംബൂരിയുടെയും , തേതി യുടേയും മൌനത്തിലും മുറി വാക്കുകളിലും ഒരായിരം അർഥങ്ങൾ മെനഞ്ഞു വെച്ചു ..

17 - 18 വയസ്സായ  average reader ആയ എന്റെ ഒന്നാം വായനയിൽ ഒരുപക്ഷെ ഇത്രയേ ഉണ്ടാകു ഈ നോവൽ ഇന്റെ പ്രമേയം;
"വിവാഹത്തിന്റെ തുടക്കത്തിലേ സ്വരചെര്ച്ചയില്ലാത്ത ഭാര്യാഭാര്തക്കന്മാർ.  useless  husband .. background  ഇൽ അല്പം സ്വാതന്ത്ര്യ സമരം. സന്യാസി ആകുന്ന നായികാ അവസാനം.."

രണ്ടാം വായനയിൽ ഉള്ള സന്ദേശം
" പോയ കാലത്തെ സാമൂഹ്യപ്രശ്നങ്ങൾ , അസമത്വങ്ങൾ സ്ത്രീ ശാക്തീകരണം . heroine  oriented movie .."

നാടകം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ കുറെ അധികം വായിച്ചത് നന്നായി.. കഥയുടെ അവസാനം ഉണ്ണി നംബൂരിക്കും  തേതിക്കും ഒരു പക്ഷെ എഴുതുകരിക്കും വയസ്സായപ്പോൾ അറിവ് തിരിച്ചറിവാകുന്നു . അറിവും അറിയപ്പെടുന്നതും ഒന്നാകുന്നു. ഉണ്ണി നമ്പൂരി യുടെ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ചുവടെ ചേര്ക്കുന്നു..

"അനിയനു പണ ത്തിലും അധികാരത്തിലും ആണ് ഭ്രാന്ത്.. വേറെ ചിലർക്ക്  ഭക്തിയിലും.. എന്തിലെങ്ങിലും ഭ്രാന്തില്ലാതെ ആരെങ്ങിലും ഈ ലോകത്ത് ഉണ്ടാകുമോ എന്തോ".. ഇതിനപ്പുറം ഒരു വേദാന്ത ചിന്ത ഇനി പറയാനില്ല..







Saturday, May 26, 2012

വിവേചനബുദ്ധി

കേരളവും കൊലപാതക രാഷ്ട്രീയവും എന്നതല്ല ഈ പോസ്റ്റില്‍  എന്റെ പ്രധാന  വിഷയം.  എന്നാല്‍ കഴിഞ്ഞ  രണ്ടാഴ്ച മലയാളം ചാനലുകള്‍ ധാരാളമായി കണ്ടതിന്റെ ഹാങ്ങ് ഓവറോ , വായിക്കപ്പെടണം എന്ന എഴുത്തുകാരന്റെ സ്വാര്‍ത്ഥതയോ, രണ്ടു  വിഷയങ്ങള്‍ തമ്മില്‍ ഉള്ള പരോക്ഷമായ ബന്ധം കൊണ്ടോ എന്റെ എഴുത്ത് പൂര്‍ണമായോ ഭാഗികമായോ വഴി  തെറ്റി കൊലപാതക രാഷ്ട്രീയത്തില്‍ എത്തിയേക്കാം എന്ന് ഞാന്‍ ഭയക്കുന്നു. അതിനാല്‍ ഒരു A സര്‍ട്ടിഫിക്കറ്റ് ഇവിടെ മുന്‍‌കൂര്‍ ചേര്‍ക്കുന്നു. എന്നാല്‍ ഈ A സര്‍ട്ടിഫിക്കറ്റ്  കണ്ടു ചില "നഗ്ന" സത്യങ്ങള്‍ പ്രതീക്ഷിച്ചു ഈ കൊട്ടകയില്‍ കേറിയാലും ചിലപ്പോള്‍ നിരാശ ആയിരിക്കും ഫലം . 
എന്റെ വിഷയം അന്ധ വിശ്വാസം  ആണ്, അഥവാ അന്ധമായ വിശ്വാസമാണ്, അഥവാ മനുഷ്യനെ അന്ധവല്‍ക്കരിക്കുന്ന (അങ്ങനെ ഒരു വാക്കുണ്ടോ) വിശ്വാസങ്ങളെ പറ്റിയാണ്. ഭാരതീയന് അന്ധവിശ്വാസം (superstition) ധാരാളമായി കിട്ടിയിട്ടുണ്ടല്ലോ. അതിനു ആധുനിക സമൂഹത്തില്‍ ധാരാളം അപ്പൊസ്തലന്മാരും ഉണ്ട്. ഇന്ത്യ ഇലെ വന്‍കിട മെട്രോ സിറ്റി കളില്‍ ചുട്ട കോഴിയെ പറപ്പിക്കലും, കൈവിഷം കൊടുക്കലും ഒക്കെ ധാരാളമായി നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെത്തെ പ്രതിപാദ്യം വ്യക്തിയെയോ, പ്രസ്ഥാനത്തെയോ, മതത്തെയോ അന്ധമായി വിശ്വസിക്കുന്ന പ്രവണതയാണ്. ഇതു ഒരു പുതിയ പ്രവണത 
 ആണെന്നല്ല. പക്ഷെ ഈ പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരുന്നുണ്ട്. 
ചോദ്യം ചോദിക്കുന്ന കുട്ടി ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ സഹജ വാസനയെ കുറിക്കുന്നു.  നമ്മളുടെ മ്മനസില്‍ പൊന്തി വരുന്ന സംശയങ്ങളെല്ലാം മണ്ടതരമാനെന്നു നമ്മെ പഠിപ്പിക്കാന്‍ 10 - 20 വര്‍ഷത്തെ വിദ്യാഭ്യാസം കുറച്ചൊന്നുമല്ല പങ്കു വഹിച്ചിട്ടുള്ളത്. ഒരു 20-21 വയസകുമ്പോഴേക്കും ഒരു വിധമുള്ള ചെറുപ്പക്കരോക്കെയും നാടിന്റെ കൂടെ ഓടാനും ഒളിക്കാനും പ്രാപ്തരാകുന്നു.  
തര്‍ക്കം ഒരു ശാസ്ത്ര വിഷയമായിരുന്ന നമ്മുടെ നാട്ടില്‍ വിമര്‍ശനാത്മക ചിന്താധാരകള്‍ വറ്റി പോകുന്നില്ലേ? 
വയലാര്‍ പറഞ്ഞ പോലെ മനുഷ്യന്‍ മതങ്ങളെയും മതങ്ങള്‍ ദൈവങ്ങളെയും സൃഷ്ടിച്ചെങ്കിലും ഓരോ മതത്തിനും  ഓരോ പുതിയ തത്വസംഹിതയുടെ ഉറവയയിട്ടാണ്  ഉല്പത്തി. മനുഷ്യന്റെ ചിന്താസരണികളില്‍ ഒരിക്കലും വറ്റാത്ത ഒഴുക്ക് തീര്‍ത്തുകൊണ്ട് ഈ മതങ്ങളെല്ലാം നിറഞ്ഞൊഴുകി.;
ഒരു മതവും ശൂന്യതയില്‍ നിന് മുള  പൊട്ടിയിട്ടില്ല. ഓരോ കാലഘട്ടങ്ങളിലും നില നിന്നിരുന്ന വിശ്വാസ പ്രമാണങ്ങള്‍ ഉടെ ഉപോല്‍പ്പന്നങ്ങള്‍ ആയിട്ടാണ് അവ രൂപപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ മതങ്ങളുടെ എല്ലാം അകക്കാമ്പില്‍ മൂലപ്രമാണങ്ങള്‍ ആയിട്ടുള്ള ദര്‍ശനങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഒഴുകി ചേരുന്നത് ഒരേ കടലിലാണ് എങ്കിലും ഒഴുകി തുടങ്ങിയത് ഒരേ മല നിരകളില്‍ 
നിന്നാണ് എങ്കിലും  നില നിന്നിരുന്ന ഒരു ചിന്താധാരയെ വെല്ലുവിളിക്കാതെ ഒരു പുതിയ ശാഖ ഉണ്ടാകുന്നില്ല എന്നതായി കാണാം. 
ഇത് പ്രകൃതി സ്വഭാവമാണ്.  ഓരോ കാലഘട്ടങ്ങളിലും വളര്‍ന്നു വന്ന മതങ്ങള്‍ക്ക് അവയ്ക്ക് മുന്‍പേ നിലനിന്നിരുന്ന നിലനിന്നിരുന്ന മതങ്ങളോടും വിശ്വാസങ്ങളോടും പങ്കു വെയ്ക്കുന്ന ഭൂതകാല സാമ്യങ്ങളും, എന്നാല്‍ അവയോടു കടക വിരുധംയിട്ടുള്ള ആശയ സംഹിതകളും തന്നെ ഇതിനു നിദാനം. ഓരോ മതവും മനുഷ്യരാശി യുടെ വളര്‍ച്ചയുടെയും ദാര്‍ശനിക വ്യാപ്തിയുടെയും സ്തൂപങ്ങള്‍ ആണ്. ഈ സ്വഭാവ  വിശേഷങ്ങള്‍  മതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സത്യമാണ്.     മതങ്ങള്‍ ആധ്യാത്മികതയുടെ ഉന്നത തലത്തിലാണ് എങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവയുടെ ഭൌതിക പര്യായങ്ങള്‍ മാത്രമാണ്. പ്രത്യേകിച്ചു ഇന്നത്തെ സാമൂഹ്യ  വ്യവസ്ഥിതിയില്‍ രണ്ടിനും ഉള്ള ഒരു പൊതുഗുണം ചോദ്യം ചെയ്യലിനോടുള്ള  അസഹിഷ്ണുത ആണ്.  പ്രത്യേകിച്ചു സാധാരണ അനുയായികളുടെ തലത്തില്‍, മതവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടലിനു അതീതങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
മത ഗ്രന്ഥങ്ങളിലും രാഷ്ട്രീയ തത്വസംഹിതകളും എഴുതി വെയ്ക്കുന്ന ആശയങ്ങള്‍ സ്വന്തം യുക്തിയ്ക്ക് കൂടി വശപ്പെടെണ്ടാവയെന്നു നാം മറന്നു പോകുന്നു. 
എന്നാല്‍ മത-സമുദായ സംഘടന കള്‍ക്ക് അധികാരം കൈയാലനുള്ള അവസരം  കിട്ടുകയും, അതിന്റെ അഭിനവ നേതാക്കന്മാരെ ദന്തഗോപുരങ്ങളില്‍ കുടിയിരുത്തുക കൂടി ചെയ്തതോടെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ ആകാത്തവയും അതിനുള്ള ചെറു ശ്രമങ്ങളെ പോലും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത ഈ നൂറ്റാണ്ടിന്റെ സൃഷ്ടി ആണ്.
ഇതോടെ മതം ആധ്യാത്മികതയുടെ ഉന്നത തലങ്ങളില്‍ നിന്ന് സാധാരണ പ്രസ്ഥാനങ്ങളുടെ ഭൌതിക തലത്തിലേക്കും പിന്നീട് അവടെ നിന്ന് മത വൈരത്തിന്റെ തമോഗര്‍ത്തങ്ങളില്‍ ലേക്ക് 
 കൂപ്പുകുത്തുകയും ചെയ്തു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നീട് ഈ നിലവാരതകര്ച്ചയുടെ വഴി സ്വീകരിച്ചത് സ്വാഭാവികം.; 
ദൈവങ്ങളുടെ നഗ്ന ചിത്ര വരച്ചവരെ നാടുകടതുന്നതും, മത ഗ്രന്ഥങ്ങളെ കത്തിച്ചവരെ വകവരുത്തുന്നതും, നമ്മുടേതില്‍ നിന്ന് വെത്യസ്തമായ രാഷ്ട്രീയ ആസയങ്ങളോട് അസഹിഷ്ണുത വളരുന്നതും, ഇതെല്ലം കൊലപാതകങ്ങളില്‍ വരെ ചെന്നവസാനിക്കുന്നതും, സംസ്കൃത സമൂഹങ്ങളില്‍ സംഭാവൈക്കെണ്ടുന്ന കാര്യങ്ങളാണോ?
ഭാരതത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹ്യ പരിഷ്കര്‍താക്കളും അതാതു കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന മത സാമൂഹ്യ വ്യവസ്ഥിതികളെ വെല്ലുവിളിച്ചവരായിരുന്നു. വിദ്യാഭ്യാസം ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്ത ആ കാലഘട്ടങ്ങളില്‍ പോലും അവരെ ഒന്നും ഇല്ലായ്മ ചെയ്യുക എന്നാ ഒരു തന്ത്രം പ്രബല മതങ്ങളും , സമുദായങ്ങളും സ്വീകരിചിട്ടില്ല. അവരൊന്നും മതധ്വംസനം നടത്തിയതായി ആരും പ്രഖ്യാപിചിട്ടുമഇല്ല.  
വെല്ലുവിളികലോടുള്ള അസഹിഷ്ണുത മതങ്ങളില്‍ നിന്ന് കടന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ എത്തി നില്‍ക്കുന്നു. വെല്ലുവിളി ഉയര്‍ത്തുന്ന വ്യക്തികളെ ലിസ്റ്റ് തയാറാക്കി കൊല്ലാന്‍  ഞങ്ങള്‍ മടിക്കില്ല എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ധൈര്യം എവടെ നിന്ന് വരുന്നു.. ഇതെല്ലാം ഈ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്ന സാധാരണ ജനങ്ങളോട് ന "നിങ്ങള്‍ മണ്ടന്മാരന്. നിങ്ങളുടെ പ്രതികരണശേഷി ഞങ്ങള്‍ക്ക് പണയപ്പെടിരിക്കുന്നു. നിങ്ങള്‍ എല്ലാം പെട്ടെന്ന് മറന്നോളും. അതുകൊണ്ട് ഞാന്‍ വായില്‍ തോന്നിയത് എന്തും പറയും" എന്നാ ഒരു സമീപനത്തെ ആണ് സൂചിപ്പിക്കുന്നത്. 
മത രാഷ്ട്രീയ നേതാക്കളും, ജനാധിപത്യ സര്‍ക്കാരുകളും, ഒരു പ്രാദേശിക നേതാവ് തുമ്മിയാല്‍ പോലുംവാര്ത്തയാക്കുന്ന  മാധ്യമങ്ങളും ഉള്ള നമ്മുടെ സാമൂഹ്യജീവിതത്തില്‍ നമ്മള്‍ സാധാരണക്കാര്‍ എന്ന് പറയുന്ന ബഹുഭൂരിപക്ഷം വിമര്‍ശനാത്മക നിലപ്പാട് സീകരിക്കുകയും  കാണുന്നതും കേള്‍ക്കുന്നതും തൊണ്ടയില്‍ തൊടാതെ വിഴുങ്ങാതിരിക്കുകയും, ഇതെല്ലം മനസ്സില്‍ സൂക്ഷിച്ചു നമ്മുടെ അവസരം വരുമ്പോള്‍ നിശബ്ദമായി വിധിയെഴുതുകയും  ചെയ്യേണ്ടത് അത്യന്താപെക്ഷിതമാനെന്നു തോന്നുന്നു.  മത-രാഷ്ട്രീയ-സാമുദായിക നേതാക്കളും മാധ്യമങ്ങളും പറയുന്നത് ശരിയായിരിക്കാം. നമുക്ക് നമ്മുടെതായ ശരിയും അത് തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും ഈ IT യുഗത്തില്‍ അനിവാര്യമാണ് .




Monday, December 26, 2011

ഓര്‍മയിലെ അടുക്കള മണങ്ങള്‍

മനോഹരമായ മറ്റൊരു ഞായറാഴ്ച... രാവിലെ ദോശ ആയിരുന്നു breakfast .   ഉച്ചക്ക് ശേഷം നീന്താന്‍ പോയിരുന്നു.. ഞാനും സജു ഉം കൂടെ ഷാദ് ഉം. തിരിച്ചു വന്നുഅതിനു ശേഷം ഷാദ് ചായ ഉണ്ടാക്കി കൂടെ ദോശ ഉം.. ഇന്ന് രാത്രി മസാല ദോശ ആണ് അത്താഴത്തിനു. രാവിലെ മുതല്‍ ദോശ മയം. അതുകൊണ്ട് ആവാം കേരള breakfast ഉകളെ കുറിച്ച് കുറെ ഓര്‍മ്മകള്‍ വന്നത്.. ഓര്‍മകളെ ഉദ്ദീപിപ്പിക്കുന്നത് മണങ്ങള്‍ ആണ്.
 ഓര്‍മയിലെ അടുക്കള യില്‍ എന്തെല്ലാം മണങ്ങള്‍ ആണ്. ഇന്നത്തെ അടുക്കളയില്‍ കൂടി പോയാല്‍ മീറ്റ് മസാല യുടെയോ ചുട്ടു വച്ച ദോശ ഉടെയോ, പുട്ടിന്റെയോ ഒക്കെ മണങ്ങള്‍ ഉണ്ടാകും.  പണ്ട് പാചക പ്രക്രിയ കുറെ കൂടി വിശദവും ദീര്‍ഘവും ആകയാല്‍ , ദിവസത്തിന്റെ ഏറിയ  പങ്കും അടുക്കളയില്‍ ചിലവഴിച്ചിരുന്ന എന്നെ പോലുള്ള കുട്ടികള്‍ ക്ക്,  മണങ്ങളില്‍ ഉഉടെ അനുഭവിക്കുകയും, അയവിറക്കുകയും, സ്വപ്നം കാണുകയും ചെയ്തിരുന്ന വിഭവങ്ങള്‍ ഏറെ ആയിരുന്നു.
  ചില ഉദാഹരണങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.. traditional രീതികളില്‍ ഈ വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ കുറിപ്പടി ഒരു പാചക വിധി ആയും ഉപയോഗിക്കാവുന്നതാണ്.

puttu : പിറ്റേ ദിവസം കാലത്ത് പുട്ട് ആണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് പച്ചരി രാവിലെ വെയിലത്ത്‌ ഉണങ്ങാന്‍ കിടക്കും. ഉച്ച ആകുമ്പോഴേക്കും കുതിര്‍ന്നു ഉണങ്ങി കിടക്കുന്ന അവനെ എടുത്തു അമ്മ ഉരലില്‍ ഇടും. ഉരലില്‍ ( പണ്ടത്തെ മരത്തിന്റെ ഉരല്‍ എവടെ പോയി എന്നറിയില്ല,   ഇപ്പൊ  ആട്ടുകല്ല് തന്നെ ആണ്  അമ്മ ഉരല്‍ ആയിട്ടും ഉപയോഗിക്കുന്നത് . ) ഓരോ ഇടിക്കും ഭൂമി കുലുങ്ങും.. അടുക്കളയില്‍ ഇരിക്കുന്ന പാത്രങ്ങള്‍ ചിലമ്പി കലമ്പും. ഏതാണ്ട് അഞ്ചു അഞ്ചര അടി നീളമുള്ള ഉലക്ക എടുത്തു ഇടിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ട്.. എന്നാല്‍ മെലിഞ്ഞു ശോഷിച്ചു വര്‍ഷങ്ങളോളം ഇരുപതോന്പതു കിലോ ഭാരം നിലനിര്‍ത്തിയിരുന്ന എന്നെ അമ്മ വിസ്വചിച്ചു ഉലക്ക എങ്ങനെ ഏല്‍പ്പിക്കും..ഉച്ചയുറക്കത്തില്‍ നിന്ന് ഞാന്‍ ഉണരുന്നത് പുട്ടിന്റെ പൊടി വറക്കുന്ന മണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും..വലിയ ചീനച്ചട്ടിയില്‍ കിടന്നു അരി പൊടി മല്ലടിക്കുന്നു.. നല്ല മണം ... ഒപ്പം ഒരല്‍പം അക്ഷമയും.. പുട്ടിന്റെ പൊടി വറത്തു   കഴിഞ്ഞാലെ അമ്മ ചായ ഉണ്ടാക്കുള്ളൂ..  പൊടി വറക്കുന്നതിന്റെ സുഗന്ധം  ഒന്ന്  വേറെ തന്നെ. ആ സുഗന്ധത്തില്‍   ആകൃഷ്ടനായി   ഞാന്‍ പല തവണ അതെടുത്തു തിന്നു നോക്കിയിട്ടുണ്ട്. വായു പൊള്ളിയത്‌ മിച്ചം. വെല്യ രുചി പോര. എന്നാല്‍ പിറ്റേന്ന് രാവിലെ പുട്ട് കുറ്റി ഇല് ചുട്ടു എടുക്കുമ്പോള്‍ കഥ മാറി. രുചികരമായ ആവി പറക്കുന്ന പുട്ട്. " പാത്തുമ്മയുടെ ആട്" വായിച്ചതില്‍ പിന്നെ ഞാനും ബഷീര്‍ ഇനെ പോലെ പുട്ട് പഴം, തേന്‍, നെയ്യ് , panchasaara എല്ലാം ചേര്‍ത്ത് കുഴച്ചേ പുട്ട്  കഴിക്കാറ് ഉള്ളു..


ഒന്നാമത്തെ പാചക വിധി നീണ്ടു പോയതിനാല്‍ തല്‍ക്കാലം ഇവിടെ നിര്ത്തുന്നു..ബാകി പിന്നീട്..



Saturday, September 24, 2011

Glimpses of a fine morning..

Its the first weekend after our return from month long holiday in India. Days are hot and nights still chilly in Townsville now. We had a good Kerala breakfast, Puttu and Kadala alongwith watching parts of a malayalam movie. Its 11.30 am. Saju, my wife is siting beside me and reading her daily lessons in preparation for her exams. A concert CD of Chembai Vaidyanathabhagavathar is playing in our drawing room. A young couple, who are visitng us,  sleeps in our guest room. Two pumkins are ready for harvest in our garden.

That seems to make a perfect home. 

Tried to read some news in "The Hindu". Demotivating !!! In the first page it says "Wife and her paramour arrested for murdering her husband". The third page says "Newly married man kills wife, commits suicide" and "man shot-dead under mysterious circumstances" all from Delhi.  Either newspapers should try to avoid such news in the front pages, or I should try avoiding such news..

SHould try out some new activity today.. Some grocery shopping, an evening walk (with Sanjamma of course !!!) along the Ross-river etc are in the list. ROss-river sounds familiar? Ross-river fever had an outbreak in Kerala early this year. Yes ! this is the same Ross river. Its here in Townsville..

Chembai has started with Vathapi all over again. I should go now !!!






Wednesday, June 8, 2011

  കാവ്യകൌമുദി

എന്റെ മനസ്സിന്റെ ശീതള  ച്ഛായയില്‍ 
തന്മയീ നീവന്നു നിന്നിരുന്നെങ്ങില്‍ 

ഉന്മദ സ്നേഹത്തിന്റെ കൂര്‍ത്ത കല്ലുകള്‍ പാകി 
നിന്നിളം പാദങ്ങള്‍ ഞാന്‍ നോവിക്കുകില്ലിനി 

കനിവാര്‍ന്നോരാ   വാക്കും ഒരു നേര്‍ത്ത നോട്ടവും 
ഒരു കുഞ്ഞു പൂവിന്റെ മൃദു മന്ദഹാസവും 

അരുളു മെന്നുള്ളി ലീ നരുനിലാവും,  അതില്‍ 
കുതി കൊണ്ടുരഞ്ഞാടും   ഉള്‍ക്കടലും 

ഇനി വേണ്ട പുലരികള്‍ രാവേ മനോഹരം 
ഇനി വേണ്ട മണ്‍   ചേര്‍ത്ത ബന്ധനങ്ങളും 

അടരാടിയീ രണ ഭുമി പുക്കും  പ്രാണ-
നുടല്‍ തേടി അലയുന്ന പോലെ ആത്മാ-

വരിയ സ്നേഹത്തിന്റെ ഈണവും വാക്കും 
തേടി ഉഴറുക യാണീ     നദീ തീരങ്ങളില്‍ 

ഒരു വേള നീയെന്റെ മുന്നില്‍ വന്നാല്‍ 
അറിവിന്റെ സ്ഫുരണമായ് കണ്‍ തുറന്നാല്‍ 

ക്ഷിതിയില്‍ പിറക്കും വസന്തകാലം എന്റെ 
മതിയില്‍   മതോന്മത്ത വര്‍ഷ മേഘം..
 

Monday, May 23, 2011

ബാല്യം തേടി..

തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയും മണ്ണിന്റെമണവും
യാത്രകള്‍  ക്കിടയില്‍ നിങ്ങള്‍ തേടാരുന്ടോ

കണ്ണില്‍ കാരുണ്യം  തേടുന്ന പശുക്കുട്ടിയോടു നിങ്ങള്ക്ക്
ജന്മാന്തര സ്നേഹം തോന്നിയിട്ടുണ്ടോ..

ഉഴുതിട്ട പാടവരന്ബത്തെ ചെളി മണം
നിങ്ങളെ  ഉന്മത്തരാക്കിയിട്ടുണ്ടോ

ചുവന്ന വാലുള്ള തുമ്പിയുടെ കണ്ണില്‍
നിങ്ങള്‍ നിങ്ങളെ തന്നെ കണ്ടിട്ടുണ്ടോ..

കൈതോട്ടിലെ സന്യസിമീനുകളെ നിങ്ങള്ക്ക്
"ഇപ്പോള്‍ കിട്ടും"  എന്ന് തോന്നിയിട്ടുണ്ടോ..

കരിയിലകല്‍ക്കിടെ ചുവന്ന ഇണപ്രാണികളെ
വേര്‍പെടുത്താന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ..

ഇരുള്‍ വീഴുമ്പോള്‍ ആമ്പല്‍ കുളത്തില്‍ നീന്താനിറങ്ങുന്ന
പൂതങ്ങള്‍ നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ..

ജനവാതിലിനപ്പുറം മഴ ചന്നം പിന്നം പെയ്യുമ്പോള്‍
പുതപ്പിനടിയില്‍ നിങ്ങള്‍ ചെറുലോകങ്ങള്‍ സ്രിഷ്ടിചിട്ടുണ്ടോ..

എങ്കില്‍ എന്റെ ബാല്യത്തില്‍ നിന്നൊരേട്
നിങ്ങള്‍ പകുത്തെടുത്തൂളൂ..


 

Saturday, May 21, 2011


വിവാഹത്തിലെ സമവായങ്ങള്‍ 

എന്റെ ഒരു ബന്ധു ഇന്ന് വിവാഹിതനാവുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങളായി പ്രണയിച്ചിരുന്ന പെണ്കുട്ടിയെതന്നെ ആണ് അദ്ദേഹം ജീവിത സഖി ആക്കുനത്. വരന്റെ അച്ഛനമ്മമാര്‍ അടക്കം എന്റെ ബന്ധു മിത്രാദികള്‍ ആരും തന്നെ വിവാഹത്തില്‍ പങ്കെടുക്കുന്നില്ല. കാരണങ്ങള്‍ രണ്ടാണ്. ഒന്ന് : കീഴ്ജാതിയില്‍ ( എന്ന് ജാത്യാഭിമാനം  പൂണ്ട എന്റെ ബന്ധുജനങ്ങള്‍ കരുതുന്ന ) പെടുന്നയാളാണ് പെണ്‍കുട്ടി. ഈ ഗുരുതരമായ തെറ്റിനെ പോലും നിഴലിലാക്കാന്‍ പോന്ന മറ്റൊരു അപരാധം കൂടിയുണ്ട്. ഏഴ് വര്‍ഷങ്ങള്‍ ക്ക് മുന്നേ ഒരിക്കല്‍ വിവാഹമോചനം നേടിയിട്ടുണ്ട്, ഈ യുവതി. പോരെ പൂരം. ലോകം കീഴ്മേ മറിഞ്ഞാലും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്നാ  നിലപാടിലാണ് ബന്ധുക്കള്‍. 
സവര്‍ണന്റെ അഹങ്ഗാരത്തിന്റെ കാലഹരണം പ്രാപിച്ച അത്താണി ആണ് ജാതിബോധം. അത് പോട്ടെ. കേരളത്തിന്റെ മണ്ണില്‍ ജനിക്കുന്ന ഓരോ ആണും മുപ്പതു  തികയുന്നതിനു മുന്‍പും പെണ്ണുങ്ങള്‍ ഇരുപത്തിയാറു തികയുന്നതിനു മുന്‍പും വിവാഹം കഴിക്കണം എന്നതാണല്ലോ കുറച്ചു കാലമായി നമ്മുടെ വ്യവസ്ഥ. ഇത് അനുവര്‍ത്തിച്ചു പോരുന്ന അതേ വാശിയോടെ ആണ് നാം ഒരവിവാഹിതന്‍ വിവാഹമോചനം നേടിയ സ്ത്രീയെ (മറിച്ചും) കല്യാണം കഴിക്കുന്നതിനെ എതിര്‍ക്കുന്നത്. എന്താണ് ഇതിനു പിന്നിലെ മന:ശാസ്ത്രം. 
നമ്മുടെ സമൂഹം വെച്ച് പുലര്‍ത്തുന്ന ഒരു അനാചാരം എന്നതിനപ്പുറം ഒരു കാരണവും എനിക്ക് തോന്നുന്നില്ല. ഇതിനു പിന്നില്‍ പ്രത്യേകിച്ചു ഒരു യുക്തിയും ഉള്ളതായി തോന്നുന്നില്ല. കാലാകാലം അനുവര്‍ത്തിച്ചു പോന്ന കീഴ്വഴക്കം എന്ന ന്യായീകരണതിനുമ് സാധുതയില്ല. കാരണം മേല്‍പ്പറഞ്ഞ സവര്‍ണ ജാതിയില്‍, മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ കുലസ്ത്രീകള്‍ "സംബന്ധം" എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വിവാഹം വഴി പല ഭര്‍ത്താക്കന്മാരെ സ്വീകരിക്കുക പതിവായിരുന്നു. എന്റെ മുതുമുത്തശ്ശി ക്ക് ചുരുങ്ങിയത് മൂന്നു ഭാര്താക്കന്മാരെങ്ങിലും ഉണ്ടായിരുന്നതായാണ് അറിവ്. ഈ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന കഴിഞ്ഞ തലമുറയ്ക്ക് ഇപ്പോള്‍ എന്ത് പറ്റി?
സ്ത്രീയുടെ പുനര്വിവാഹത്തില്‍ ചാരിത്ര്യമായിരിക്കാം ഒരു ഘടകം. മറ്റൊരു പുരുഷനോടൊപ്പം സഹായിച്ച ഒരുവളെ ഭാര്യയാക്കുന്നതിനെ അപമാനമായി നമ്മുടെ സമൂഹം കണ്ടുവരുന്നു. അതുകൊണ്ടാണല്ലോ ഒരിക്കലെങ്ങാനും സ്വന്തം കമിതാവിന്റെ കൂടെ പോയി തിരിച്ചു വരെണ്ടിവരുന്ന ഹതഭാഗ്യയായ സ്ത്രീയെ വേശ്യ എന്നത് പോലെ സമൂഹം കണക്കാക്കുന്നത്. ചാരിത്ര്യമെന്ന ഘടകം തന്നെയായിരിക്കാം പുനര്‍വിവാഹത്തിന് ഒരുങ്ങുന്ന പുരുഷനെയും, ഒരു പരിധി വരെയെങ്ങിലും , യോഗ്യനാക്കുന്ന ഘടകം. അതുകൊണ്ട് തന്നെ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന സ്ത്രീ രണ്ടാം വിവാഹക്കാരനെ തന്നെ കണ്ടു പിടിക്കേണ്ടി വരുന്നു. വിവാഹം ഒരു പരിധി വരെ ഒരു കച്ചവടമാണല്ലോ. കച്ചവടത്തില്‍ ഇത്തരം സമവായങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. 
എന്നാല്‍ പരസ്പരം സ്നേഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കാര്യത്തില്‍ സമൂഹം ഇങ്ങനെ ഇടപെടേണ്ടതു എന്തിനു എന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം തീരുമാനങ്ങള്‍ എല്ലാം വ്യക്തി സ്വാതന്ത്ര്യത്തിനു വിട്ടു കൊടുത്തു സമൂഹം ദൂരെ മാറി നില്‍ക്കുന്നതാണ് ഉചിതം. കപട സദാചാര ബോധത്തിന്റെ ക്കനത കുപ്പായമിട്ടാണ് നമ്മുടെ സമൂഹത്തില്‍ മിക്കരും ജീവിക്കുന്നത്. കാപട്യത്തില്‍ പൊതിഞ്ഞ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളാണ്. സ്നേഹത്തില്‍ നിന്നുരുത്തിരിഞ്ഞ ബന്ധുത്വവും സൌഹൃദവും അവസാനിച്ചു കഴിഞ്ഞാലും അതിന്റെ ഊഷ്മളത ജീവിതാന്ത്യം വരെ, ഒരു പക്ഷെ അത് കഴിഞ്ഞാലും, നിലനില്‍ക്കും. 
പ്രണയിക്കുന്നവര്‍ താല്പ്പര്യപ്പെടുന്നെങ്ങില്‍ അവര്‍ വിവാഹം കഴിക്കട്ടെ. ജാതി മത ലിംഗ രാഷ്ട്ര ഭേദങ്ങള്‍ അതിനു തടസ്സമാകാതിരിക്കട്ടെ. ലൈംഗിക ന്യൂന പക്ഷങ്ങളെ കൂടി പരിഗണിച്ചാല്‍ രണ്ടു പുരുഷന്മാരുടെയോ രണ്ടു സ്ത്രീകളുടെയോ ഒക്കെ വിവാഹവും സാധൂകരിക്കപ്പെടാതിരിക്കാന്‍ ന്യായമില്ല. 
എതിര്‍പ്പുകളെ വകവയ്ക്കാതെ തന്റേടത്തോടെ തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ തയാറായ എന്റെ സുഹൃത്തിനു എന്റെ എല്ലാ വിധ ആശംസകളും. നിങ്ങള്ക്ക് നന്മ വരട്ടെ.