Monday, August 16, 2010

എന്റെ ഭാര്യമാര്‍

ഏഴു വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി കല്യാണം കഴിച്ചത്. മഹാഭാരതം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാലം. യുദ്ധം ചെയ്യുന്നതായിരുന്നു അക്കാലത്തെ ഏറ്റവും പ്രധാന വിനോദം. വീട്ടുവളപ്പില്‍ അങ്ങോളം ഇങ്ങോളം ഞങ്ങള്‍ യുദ്ധം ചെയ്തു തിമിര്‍ത്തു  നടന്നു, ആര്‍പ്പു വിളിച്ചു. കൊഴികുഞ്ഞുങ്ങളും , പൂച്ചയും, പച്ചപശുവും എല്ലാം വേട്ടയാടപ്പെട്ടു. അമ്മ മുറ്റം അടിച്ചിരുന്ന ചൂലിന്റെ വണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു. വീട്ടു വളപ്പിലെ എല്ലാ വാഴകളിലും ഈര്‍ക്കിലുകള്‍  അമ്പുകള്‍ ആയി  തറഞ്ഞു നിന്നു. ഈര്ക്കിലുകലെല്ലാം ബ്രഹ്മാസ്ത്രവും ആഗ്നെയസ്ത്രവും ഒക്കെ ആയി രൂപാന്തരപ്പെട്ടു. ഖടോല്‍ക്കച്ചനെ കൊന്ന വേല്‍ ഒരെണ്ണം ഉണ്ടാക്കാന്‍ ഒരു കുടക്കമ്പി കിട്ടാന്‍ ഞാന്‍ ആശിച്ചു നടന്നു. പഴയ ഒരു കുട കിട്ടിയിരുന്നെങ്ങില്‍ അത് കീറി പറിച്ചെടുത്തു കാര്യം സാധിക്കാമായിരുന്നു.
അന്നൊരു ഞായറാഴ്ച ആയിരുന്നു. ഞായര്‍ ആഴ്ചകള്‍ തിരക്കുള്ള ദിവസമാണ്. രാവിലെ ഉണര്‍ന്നാല്‍ കൂര്‍ത്ത കല്ലുകള്‍ പാകിയ മുറ്റത്തു കൂടി നടന്നു പല്ല് തേക്കണം. കട്ടന്‍ കാപ്പി കുടിച്ചു കഴിഞ്ഞു പ്രഭാത കൃത്യങ്ങളും കഴിഞ്ഞു അപ്പവും കടല കറി ഉം കഴിക്കാനിരിക്കുംപോഴേക്കും മഹാഭാരതം തുടങ്ങുകയായി. അത് കഴിയുമ്പോഴേക്കും ആവേശം മൂര്ധന്യതിലായിരിക്കും. ഉടനെ തന്നെ അമ്പും വില്ലും എടുത്തു പറമ്പില്‍ലേക്ക് ഇറങ്ങും. വൈകുന്നേരം giant robot തുടങ്ങുന്നത് വരെ തുടര്‍ന്ന് പോകും കലാപരിപാടികള്‍. 6 45 നു മലയാളം സിനിമ തുടങ്ങും.
അന്നത്തെ സിനിമ ദേവദാസ് ആയിരുന്നു. പാര്‍വതിയും വേണു നാഗവള്ളിയും മധുവും എല്ലാം കൂടെ അഭിനയിച്ചു തകര്‍ത്ത പടം. ആത്മാവില്‍ വേരുറച്ച പ്രണയത്തിനു വിരാമമിട്ടുകൊണ്ട് പാര്‍വതിയും വേണു  നാഗവള്ളിയും പിരിയുന്നു. വയോവൃദ്ധനായ മധുവിന്റെ രണ്ടാം ഭാര്യയായും രണ്ടുമൂന്നു പ്രായം തികഞ്ഞ മക്കളുടെ അമ്മയായും മാറാന്‍ പാര്‍വതി നിര്‍ബന്ധിതയാകുന്നു. വിശാലമായ പുല്‍ത്തകിടിയില്‍ ഇരുന്നു വേണു നാഗവള്ളിയോട്‌ പാര്‍വതി  യാത്ര പറഞ്ഞു പിരിയുകയും പിനീട് കൊതുമ്പു വള്ളത്തില്‍ വന്നു ഇറങ്ങി പടിപ്പുരയിലേക്ക്‌ കാലെടുത്തു വെക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഒടുവില്‍ രോഗം മൂര്ചിച്ചു അതേ പടിപ്പുരയ്ക് മുന്നില്‍ വീണു മരിക്കുന്ന നായകന്‍റെ അടുത്തേക്ക് ഓടി അടുക്കുന്ന പാര്‍വതിക്ക് മുന്നില്‍ പടിപ്പുരവാതില്‍ കൊട്ടി അടച്ച അച്ഛനോടും മക്കളോടും എനിക്ക് അങ്ങേ അറ്റം ഈര്‍ഷ്യയും  വെറുപ്പും തോന്നി. എന്റെ ഹൃദയം പിടഞ്ഞു.
അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്ന എന്റെ മനസ്സിനെ ദേവദാസ് ഇന്റെ കഥ മഥിച്ചു കൊണ്ടിരുന്നു. ഉറക്കം വരുന്നത് വരെ എന്ത് ചെയ്യുമെന്ന് ആലോചിച്ചു കിടന്ന ഞാന്‍ ആ രാത്രിയില്‍ എന്റെ പുതപ്പിനടിയില്‍ ഒരു സംകല്പ ലോകം മേനഞ്ഞെടുക്കുന്നതിനുള്ള നാന്ദി കുറിച്ചു. സഹാനുഭൂതിയും അനുതാപവും സ്നേഹവും ഒക്കെ വേര്‍തിരിച്ചു എടുക്കാനാവാത്ത ഒരു നിമിഷത്തില്‍ ഞാന്‍ മനോഹരമ്മായ കണ്ണുകളും നീണ്ട മുടിയുമുള്ള പാര്‍വതിയെ വിവാഹം കഴിച്ചു. വിവാഹാനന്തരം ഞാന്‍ തന്നെ രചിച്ച ഒരു തിരക്കഥ അരങ്ങേറി. ഉണര്‍വിനും ഉറക്കത്തിനും ഇടയിലുള്ള ഈ സംകല്പ ലോക സഞ്ചാരം എനിക്ക് നന്നെ രസിച്ചു. നല്ല നേരമ്പോക്ക്.  പിന്നീട് ഓരോ ആഴ്ചകളിലും കാണുന്നു സിനിമകളിലെ നായികമാരെ കല്യാണം കഴിക്കുന്നത്‌ ഞാന്‍ ഒരു ശീലമാക്കി.
ഒരു ചെറിയ കാലയളവിനുള്ളില്‍ ഞാന്‍ ഏഴു നായികമാരെ എങ്കിലും കല്യാണം കഴിച്ചു. മനോഹരമായി പുഞ്ചിരിക്കുമായിരുന്ന സുനിത  എന്ന് പേരുള്ള അക്കാലത്തെ ഒരു നടി ആയിരുന്നു എന്റെ ഏറ്റവും ഇളയ ഭാര്യ. രേഖ യെയും ജലജ യെയും അക്കാലയളവില്‍ കല്യാണം കഴിച്ചതായി നേരിയ ഓര്‍മ  തോന്നുന്നു.
മിക്ക രാത്രികളിലെയും സ്വപ്ന നാടകങ്ങള്‍ക്ക് ഏതാണ്ട് ഒരേ തിരക്കഥ ആയിരുന്നു. എനിക്ക് കുടിക്കാന്‍ ഉണ്ടാക്കുന്ന പാലിലോ റവ കുറുക്കിലോ പഞ്ചസാരയുടെ അളവ് കുറയുന്നു. അതുണ്ടാക്കി കൊണ്ടുവന്ന ഭാര്യയോടു ഞാന്‍ കയര്‍ക്കുന്നു ( പ്രസ്തുത ഭാര്യ ഓരോ ദിവസവും ഓരോ ആളായിരിക്കും). ഉടനെ അവള്‍ മുഖം കറുപ്പിക്കുന്നു. അക്രമാസക്തനാകുന്ന ഞാന്‍ അവളെ തല്ലാന്‍ ഓടിയടുക്കും. അവളെ ഞാന്‍ മുടിക്കുതിനു പിടിച്ചു അടിക്കുകയും ഇടിക്കുകയും ചെയ്യും (ഇപ്പോഴത്തെ പോലെ അല്ല , അക്കാലങ്ങളില്‍ എനിക്ക് അക്രമവാസന കൂടുതലായിരുന്നു). അവള്‍ കരയുന്നു. ഇതുകണ്ട് എന്റെ മറ്റു ഭാര്യമാര്‍ സന്തോഷിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം ശാന്തനാകുന്ന ഞാന്‍ എന്റെ ഭാര്യയെ മുടിയിഴകളില്‍ തഴുകി ആശ്വസിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു
" നീ അനുസരണക്കേട്‌ കാണിച്ചിട്ടല്ലേ ഞാന്‍ നിന്നെ തല്ലിയത്. ഇനി മേലില്‍ റവ കുറുക്കില്‍ പഞ്ചസാര ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം. എനിക്ക് പഞ്ചസാര കൂടുതല്‍ വേണമെന്ന് നിനക്കറിയാവുന്നതല്ലേ."

                                           - ശുഭം-