Monday, May 23, 2011

ബാല്യം തേടി..

തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയും മണ്ണിന്റെമണവും
യാത്രകള്‍  ക്കിടയില്‍ നിങ്ങള്‍ തേടാരുന്ടോ

കണ്ണില്‍ കാരുണ്യം  തേടുന്ന പശുക്കുട്ടിയോടു നിങ്ങള്ക്ക്
ജന്മാന്തര സ്നേഹം തോന്നിയിട്ടുണ്ടോ..

ഉഴുതിട്ട പാടവരന്ബത്തെ ചെളി മണം
നിങ്ങളെ  ഉന്മത്തരാക്കിയിട്ടുണ്ടോ

ചുവന്ന വാലുള്ള തുമ്പിയുടെ കണ്ണില്‍
നിങ്ങള്‍ നിങ്ങളെ തന്നെ കണ്ടിട്ടുണ്ടോ..

കൈതോട്ടിലെ സന്യസിമീനുകളെ നിങ്ങള്ക്ക്
"ഇപ്പോള്‍ കിട്ടും"  എന്ന് തോന്നിയിട്ടുണ്ടോ..

കരിയിലകല്‍ക്കിടെ ചുവന്ന ഇണപ്രാണികളെ
വേര്‍പെടുത്താന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ..

ഇരുള്‍ വീഴുമ്പോള്‍ ആമ്പല്‍ കുളത്തില്‍ നീന്താനിറങ്ങുന്ന
പൂതങ്ങള്‍ നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ..

ജനവാതിലിനപ്പുറം മഴ ചന്നം പിന്നം പെയ്യുമ്പോള്‍
പുതപ്പിനടിയില്‍ നിങ്ങള്‍ ചെറുലോകങ്ങള്‍ സ്രിഷ്ടിചിട്ടുണ്ടോ..

എങ്കില്‍ എന്റെ ബാല്യത്തില്‍ നിന്നൊരേട്
നിങ്ങള്‍ പകുത്തെടുത്തൂളൂ..


 

Saturday, May 21, 2011


വിവാഹത്തിലെ സമവായങ്ങള്‍ 

എന്റെ ഒരു ബന്ധു ഇന്ന് വിവാഹിതനാവുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങളായി പ്രണയിച്ചിരുന്ന പെണ്കുട്ടിയെതന്നെ ആണ് അദ്ദേഹം ജീവിത സഖി ആക്കുനത്. വരന്റെ അച്ഛനമ്മമാര്‍ അടക്കം എന്റെ ബന്ധു മിത്രാദികള്‍ ആരും തന്നെ വിവാഹത്തില്‍ പങ്കെടുക്കുന്നില്ല. കാരണങ്ങള്‍ രണ്ടാണ്. ഒന്ന് : കീഴ്ജാതിയില്‍ ( എന്ന് ജാത്യാഭിമാനം  പൂണ്ട എന്റെ ബന്ധുജനങ്ങള്‍ കരുതുന്ന ) പെടുന്നയാളാണ് പെണ്‍കുട്ടി. ഈ ഗുരുതരമായ തെറ്റിനെ പോലും നിഴലിലാക്കാന്‍ പോന്ന മറ്റൊരു അപരാധം കൂടിയുണ്ട്. ഏഴ് വര്‍ഷങ്ങള്‍ ക്ക് മുന്നേ ഒരിക്കല്‍ വിവാഹമോചനം നേടിയിട്ടുണ്ട്, ഈ യുവതി. പോരെ പൂരം. ലോകം കീഴ്മേ മറിഞ്ഞാലും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്നാ  നിലപാടിലാണ് ബന്ധുക്കള്‍. 
സവര്‍ണന്റെ അഹങ്ഗാരത്തിന്റെ കാലഹരണം പ്രാപിച്ച അത്താണി ആണ് ജാതിബോധം. അത് പോട്ടെ. കേരളത്തിന്റെ മണ്ണില്‍ ജനിക്കുന്ന ഓരോ ആണും മുപ്പതു  തികയുന്നതിനു മുന്‍പും പെണ്ണുങ്ങള്‍ ഇരുപത്തിയാറു തികയുന്നതിനു മുന്‍പും വിവാഹം കഴിക്കണം എന്നതാണല്ലോ കുറച്ചു കാലമായി നമ്മുടെ വ്യവസ്ഥ. ഇത് അനുവര്‍ത്തിച്ചു പോരുന്ന അതേ വാശിയോടെ ആണ് നാം ഒരവിവാഹിതന്‍ വിവാഹമോചനം നേടിയ സ്ത്രീയെ (മറിച്ചും) കല്യാണം കഴിക്കുന്നതിനെ എതിര്‍ക്കുന്നത്. എന്താണ് ഇതിനു പിന്നിലെ മന:ശാസ്ത്രം. 
നമ്മുടെ സമൂഹം വെച്ച് പുലര്‍ത്തുന്ന ഒരു അനാചാരം എന്നതിനപ്പുറം ഒരു കാരണവും എനിക്ക് തോന്നുന്നില്ല. ഇതിനു പിന്നില്‍ പ്രത്യേകിച്ചു ഒരു യുക്തിയും ഉള്ളതായി തോന്നുന്നില്ല. കാലാകാലം അനുവര്‍ത്തിച്ചു പോന്ന കീഴ്വഴക്കം എന്ന ന്യായീകരണതിനുമ് സാധുതയില്ല. കാരണം മേല്‍പ്പറഞ്ഞ സവര്‍ണ ജാതിയില്‍, മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ കുലസ്ത്രീകള്‍ "സംബന്ധം" എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വിവാഹം വഴി പല ഭര്‍ത്താക്കന്മാരെ സ്വീകരിക്കുക പതിവായിരുന്നു. എന്റെ മുതുമുത്തശ്ശി ക്ക് ചുരുങ്ങിയത് മൂന്നു ഭാര്താക്കന്മാരെങ്ങിലും ഉണ്ടായിരുന്നതായാണ് അറിവ്. ഈ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന കഴിഞ്ഞ തലമുറയ്ക്ക് ഇപ്പോള്‍ എന്ത് പറ്റി?
സ്ത്രീയുടെ പുനര്വിവാഹത്തില്‍ ചാരിത്ര്യമായിരിക്കാം ഒരു ഘടകം. മറ്റൊരു പുരുഷനോടൊപ്പം സഹായിച്ച ഒരുവളെ ഭാര്യയാക്കുന്നതിനെ അപമാനമായി നമ്മുടെ സമൂഹം കണ്ടുവരുന്നു. അതുകൊണ്ടാണല്ലോ ഒരിക്കലെങ്ങാനും സ്വന്തം കമിതാവിന്റെ കൂടെ പോയി തിരിച്ചു വരെണ്ടിവരുന്ന ഹതഭാഗ്യയായ സ്ത്രീയെ വേശ്യ എന്നത് പോലെ സമൂഹം കണക്കാക്കുന്നത്. ചാരിത്ര്യമെന്ന ഘടകം തന്നെയായിരിക്കാം പുനര്‍വിവാഹത്തിന് ഒരുങ്ങുന്ന പുരുഷനെയും, ഒരു പരിധി വരെയെങ്ങിലും , യോഗ്യനാക്കുന്ന ഘടകം. അതുകൊണ്ട് തന്നെ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന സ്ത്രീ രണ്ടാം വിവാഹക്കാരനെ തന്നെ കണ്ടു പിടിക്കേണ്ടി വരുന്നു. വിവാഹം ഒരു പരിധി വരെ ഒരു കച്ചവടമാണല്ലോ. കച്ചവടത്തില്‍ ഇത്തരം സമവായങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. 
എന്നാല്‍ പരസ്പരം സ്നേഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കാര്യത്തില്‍ സമൂഹം ഇങ്ങനെ ഇടപെടേണ്ടതു എന്തിനു എന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം തീരുമാനങ്ങള്‍ എല്ലാം വ്യക്തി സ്വാതന്ത്ര്യത്തിനു വിട്ടു കൊടുത്തു സമൂഹം ദൂരെ മാറി നില്‍ക്കുന്നതാണ് ഉചിതം. കപട സദാചാര ബോധത്തിന്റെ ക്കനത കുപ്പായമിട്ടാണ് നമ്മുടെ സമൂഹത്തില്‍ മിക്കരും ജീവിക്കുന്നത്. കാപട്യത്തില്‍ പൊതിഞ്ഞ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളാണ്. സ്നേഹത്തില്‍ നിന്നുരുത്തിരിഞ്ഞ ബന്ധുത്വവും സൌഹൃദവും അവസാനിച്ചു കഴിഞ്ഞാലും അതിന്റെ ഊഷ്മളത ജീവിതാന്ത്യം വരെ, ഒരു പക്ഷെ അത് കഴിഞ്ഞാലും, നിലനില്‍ക്കും. 
പ്രണയിക്കുന്നവര്‍ താല്പ്പര്യപ്പെടുന്നെങ്ങില്‍ അവര്‍ വിവാഹം കഴിക്കട്ടെ. ജാതി മത ലിംഗ രാഷ്ട്ര ഭേദങ്ങള്‍ അതിനു തടസ്സമാകാതിരിക്കട്ടെ. ലൈംഗിക ന്യൂന പക്ഷങ്ങളെ കൂടി പരിഗണിച്ചാല്‍ രണ്ടു പുരുഷന്മാരുടെയോ രണ്ടു സ്ത്രീകളുടെയോ ഒക്കെ വിവാഹവും സാധൂകരിക്കപ്പെടാതിരിക്കാന്‍ ന്യായമില്ല. 
എതിര്‍പ്പുകളെ വകവയ്ക്കാതെ തന്റേടത്തോടെ തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ തയാറായ എന്റെ സുഹൃത്തിനു എന്റെ എല്ലാ വിധ ആശംസകളും. നിങ്ങള്ക്ക് നന്മ വരട്ടെ.